അന്ന് ചാത്തമംഗലം എ.യു.പി സ്കൂളില്‍ ഏഴാം ക്ലാസ്സിലാ ഞാന്‍... ഏഴാം ക്ലാസ്സ് A യില്‍... ഞങ്ങള്‍ സ്നേഹത്തോടെ "ചിമ്മിണി തപ്പ്" എന്ന് വിളിക്കുന്ന രുക്മിണി ടീച്ചറുടെ ക്ലാസ്സില്‍...
തരുണീമണികളുടെ കാര്യത്തില്‍ ക്ലാസ്സ് പൊതുവെ ഫലപൂയിഷ്ഠമായിരുന്നു...
അതിലെ തോട്ട് പുറത്ത് ബാലേട്ടന്‍ നട്ട പുന്നെല്ലിന്‍ കതിരായിരുന്നു തുഷാര... പറഞ്ഞു വരുമ്പോള്‍ എന്റെ ഒരു കുടുംബക്കാരിയും...[ആ പരിഗണന ഒന്നും ഇങ്ങോട്ട് ഉണ്ടായിരുന്നില്ല...] അവളെ കാണാന്‍ അയല്‍ ഡിവിഷനുകളില്‍ നിന്നു പോലും കുട്ടികള്‍ വന്നിരുന്നു...
ആ സമയത്താണ് തടിയന്‍ രഞ്ജിത്തിന് ലവളോട് ഒരു ഇത്... തോന്നുന്നത്...സ്വാഭാവികം... അവനത് സിനിമ സ്റ്റൈലില്‍ തന്നെ അവളെ അറിയിക്കാന്‍ തീരുമാനിച്ചു.. അഥവാ മറ്റുള്ളവര്‍ അവനെ കൊണ്ട് അത് അങ്ങനെ ആക്കിച്ചു... ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല... അറിഞ്ഞാല്‍ നമ്മള് സമ്മതിക്കുമോ...
സംഗതി അവന്മാര്‍ രണ്ടു ദിവസം ഇരുന്നു പ്ലാന്‍ ചെയ്തു... അരുണ്‍,ധനീഷ്,അനൂപ്,ഷിന്ടു എന്നിവരായിരുന്നു സംഘാംഗങ്ങള്‍... വെള്ളിയാഴ്ച്ച ഉച്ചക്ക് ഊണിനു സമയം കുറച്ച് കൂടുതല്‍ കിട്ടും... ആ സമയത്ത് പ്ലാന്‍ പ്രകാരം ഇവരെല്ലാം ഒത്തുകൂടി... ലൌവിന്‍റ അടയാളം ആയ ഹൃദയം വരച്ച പേപ്പര്‍, ഷിന്ടു വീട്ടില്‍ നിന്നും കൊണ്ടു വന്ന പുതിയ ലക്കം ബാലരമയില്‍ വച്ച് അവള്‍ക്കു കൊടുക്കാനായിരുന്നു ഗൂഢതന്ത്റം...
പ്ലാനിന്റെ മെയിന്‍ സുന ആയ അടയാളം വരക്കുവാന്‍ ധനീഷ് എന്റെ അടുത്ത് വന്നു...
അനൂജിനെ " സ്റ്റാച്യൂ" വിളിച്ച് അനക്കാതെ നിര്‍ത്തി അവന്റെ ഷര്‍ട്ട് അഴിപ്പിച്ച് എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍...
"ഡാ സജൂ, ഒരു ചിത്രം വരക്കണം... "
ആ കാലത്ത് ഒരു വര വരച്ച് അത് ആരേലും നന്നായി എന്ന് പറഞ്ഞാല്‍ ലോക പടംവരയില്‍ കപ്പ് അടിച്ച പോലെ ആയിരുന്നു എനിക്ക്... കിട്ടിയ ഒപ്പോര്‍ച്ചുനിറ്റി പാഴാക്കാതെ ഒരു അരമണിക്കൂര്‍ കൊണ്ട് ഞാന്‍ ആ സംഭവത്തെ ഒരു ചെറിയ പേപ്പറില്‍ പകര്‍ത്തി... ഇത് വരക്കാനാണോ അരമണിക്കൂര്‍ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം... സൃഷ്ടിയുടെ വേദന നിങ്ങള്‍ക്കെങ്ങനെ മനസ്സിലാവാനാ...
വര കഴിഞ്ഞപ്പോള്‍ അവനത് മടക്കി ഒരു ബാലരമയില്‍ വച്ച് ഷിന്റുവിനു കൊടുത്തു... ഷിന്ടു അത് തുഷാരക്ക് കൊടുത്ത് രഞ്ജിത്ത് തന്നതാണെന്നും പറഞ്ഞു ഒരു ഓട്ടം...
പിന്നാലെ ഓടിയ ധനീഷ് വിളിച്ച് പറഞ്ഞു.."തൊര്‍ന്ന് നോക്ക്.."
ബാലരമ തുറന്ന തുഷാര, പേപ്പര്‍ എടുത്ത് നോക്കിയതും... വൃത്തികെട്ട എന്തോ സാധനം പോലെ അത് ദേഹത്തുനിന്നും മാറ്റി പിടിച്ച് കൊണ്ട് ടീച്ചറുടെ അടുത്തേക്ക് ഓടിയതും ഒരുമിച്ച് ആയിരുന്നു...
ഇതു കണ്ട സംഘം ചൂടുവെള്ളം ഒറ്റയടിക്ക് കുടിച്ച പോലെ ചിമ്മിണി തപ്പിന്റെയും ഹെട്മിസ്ട്രെസ് പദ്മജ ടീച്ചെരുടെയും (സ്നേഹത്തോടെ ഇഡ്ഡലി..) മുഖങ്ങളും സ്കൂളില്‍ നിന്നു പുറത്താക്കുന്ന സീനും ഒരു മിന്നായം പോലെ കണ്ടു...
തുഷാര തിരിച്ചു വരുമ്പോള്‍ ചിമ്മിണി തപ്പ് കൂടെ ഉണ്ടായിരുന്നു... തുടര്‍ന്നു സംഘത്തെ വിളിപ്പിച്ചു... തടിയന്‍ രണ്ജിതിനെ കാണാനേ ഇല്ലായിരുന്നു...
ടീച്ചര്‍ ചോദിച്ചു..."എന്താണ് ഈ വരച്ചത്...?"
അരുണ്‍ വിക്കി വിക്കി പറഞ്ഞു..."അത്... ലവ്വ്..."...
"ലവ്വോ..ഇതൊക്കെ എവിടുന്നാ പഠിക്കുന്നെ...?"...
ഉത്തരമില്ല...
"എന്നാല്‍ ഇത് വരച്ചവനെ ആണ് ഇനിക്ക് വേണ്ടത്... ഇങ്ങനെ ഒക്കെ വരക്കാന്‍ അവന്‍ എവിടുന്നാ പഠിച്ചത്... ആരാ ഇത് വരച്ചത്...?"
...തകര്‍ന്നു...! ക്യാമറ എന്‍റെ നേരെ തിരിഞ്ഞു...
ദുഷ്ടേഷ്... കശ്മലേഷ്... അവന്മാരെങ്ങനും എന്റെ പേരു പറഞ്ഞാല്‍... ടീച്ചര്‍ അറിയും... ടീച്ചര്‍ അറിഞ്ഞാല്‍ ടീച്ചറുടെ ഭര്‍ത്താവ് പഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ നായര്‍ അറിയും... അയാള്‍ അറിഞ്ഞാല്‍ മൂപ്പരുടെ കമ്പനിക്കാരന്‍ സാക്ഷാല്‍ മേരാ ഫാദെര്‍ജി അറിയും... ഫാദെര്‍ജി അറിഞ്ഞാല്‍ എന്റെ മുഖം അങ്ങേരു "ലവ്" പരുവത്തിലാക്കും...
എന്റെ ചിന്തകള്‍ക്ക് അറ്റം കിട്ടിയില്ല... രണ്ടു സെക്കന്റ് കൊണ്ട് ഞാന്‍, വീട്ടില്‍ നിന്നു പുറത്താക്കിയാല്‍ വായനശാലയിലോ അതോ റേഷന്‍ഷാപ്പിലോ കിടക്കുക എന്ന് വരെ ചിന്തിച്ചു... എന്റെ ശരീരത്തില്‍ വിയര്‍ക്കാത്തതായി ഒരു സ്ഥലം പോലും ഇല്ലായിരുന്നു... ഒരമ്പലത്തില്‍ പോയിട്ടും ഇത്ര നന്നായി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല...
സത്യം പറഞ്ഞാല്‍ അപ്പോള്‍ പ്യൂണ്‍ സോമേട്ടനെ "നീ അവനെ പോയി രക്ഷിക്കെടാ..." എന്നും പറഞ്ഞു വിട്ടത് ദൈവമാണെന്ന് ഞാന്‍ ഇപ്പഴും വിശ്വസിക്കുന്നു... സോമേട്ടന്‍ വന്നു ചിമ്മിണി തപ്പിനോട് എന്തോ പറഞ്ഞു... "മേലാല്‍ ഇങ്ങനെ ഒന്നും ചെയ്യരുത്..." എന്ന് മാത്രം പറഞ്ഞു ടീച്ചര്‍ സോമേട്ടന്റെ കൂടെ പോയി...
പിന്നീടും പലരെയും ലവ് പുഷ്ടിപ്പെടുത്താന്‍ സഹായിചിട്ടുണ്ടെങ്കിലും വരച്ചുകൊണ്ടുള്ള സഹായം അന്നത്തോടെ നിര്‍ത്തി...
Saturday, December 1, 2007
Subscribe to:
Posts (Atom)