Thursday, September 4, 2008

കൊറിയന്‍ സുന്ദരി...

ബി.ടെക് പഠനത്തിന്‍റെ ഭാഗമായി നടന്ന മെയ്ന്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ എറണാകുളത്ത് പോയിരുന്ന കാലം... ഞങ്ങള്‍ പ്രൊജക്റ്റ്‌ മുഴുവന്‍ ആക്കണമെന്ന് ഒരു ആഗ്രഹവും ഇല്ലാത്ത ഒരു സ്ഥാപനത്തില്‍ ആയിരുന്നു ഭാഗ്യം കൊണ്ട് ഞങ്ങള്‍ എത്തിപ്പെട്ടത്... അത് കൊണ്ട് എറണാകുളത്തെ എല്ലാ തീയെറ്ററുകളും കാണാന്‍ പറ്റി...


ഫാദെര്‍ജിയുടെ സഹകരണ മനോഭാവം മൂപ്പര്‍ സെക്രട്ടറി ആയിരുന്ന സഹകരണ ബാങ്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്നതുകൊണ്ട്, നാട്ടിലെ ഒരു തീയേറ്ററിന്‍റെ പടിക്കും എന്‍റെ ചവിട്ട് എല്‍ക്കാനുള്ള ഭാഗ്യം സിദ്ധിച്ചില്ല... അക്കാലത്തൊക്കെ ഒരു സിനിമ ടിക്കറ്റ് എനിക്കൊരു വിലക്കപ്പെട്ട കനി ആയിരുന്നു... എനിക്കായിട്ട് ഒരു കനി ഉണ്ടേല്‍ അതാണ്‌ തേങ്ങ... അങ്ങനെ സിനിമ കണ്ടു നടക്കേണ്ട പ്രായത്തില്‍ ഞാന്‍ വേലായുധേട്ടന്‍ വലിച്ചിടുന്ന തേങ്ങ പെറുക്കി കൂട്ടിയും തെങ്ങിന് വെള്ളം നനച്ചും കഴിഞ്ഞു പോന്നു... ഹെന്ത് കഷ്ടമാണെന്ന് നോക്കണേ...


അപ്പോഴാണ്‌ പ്രൊജെക്ടിന്‍റെ ആനുകൂല്യത്തില്‍ ഫാദെര്‍ജിയുടെ വക എറണാകുളത്തേക്ക് എനിക്കൊരു വിസ പാസ്സാവുന്നത്... അവിടെ എത്തിയത് മുതല്‍ പ്രൊജക്റ്റ്‌ കാലാവധിയായ രണ്ടു മാസക്കാലം ഞങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തത് മുഴുവന്‍ സിനിമ തീയേറ്ററുകളില്‍ ആയിരുന്നു... പിന്നെ ഡോക്യുമെന്റേഷന്‍ സുഭാഷ് പാര്‍ക്കിലെ 'കിളി'കളെ പറ്റിയും...


അങ്ങനെ പൈ ദോശകള്‍ തിന്ന് , സിനിമകള്‍ കണ്ടു നടന്നു രണ്ടു മാസം ആവാറായപ്പോഴാണ് പ്രൊജക്റ്റ്‌ ചെയ്യാനാണല്ലോ വന്നത് എന്ന ബോധം ഉണ്ടായത്... ഞങ്ങള്‍ തിരഞ്ഞെടുത്ത സ്ഥാപനവും ഞങ്ങളെ പോലെ പ്രൊജക്റ്റ്‌ ഒന്നും ചെയ്യാതെ ആണ് അത് നടത്തുന്നത് എന്ന് മനസ്സിലായപ്പോള്‍, കുറച്ച് ഉറക്കം കളഞ്ഞാണെങ്കിലും ഒരു സാധനം സൃഷ്ടിച്ചെടുത്തു... അല്ലേലും കോളേജിലെ ഡെമോ എന്തേലും ഒക്കെ കാണിച്ച് രക്ഷപ്പെടാം... അച്ഛന്‍ "കാണിക്കെടാ നിന്‍റെ പ്രൊജക്റ്റ്‌ ഡെമോ" എന്ന് പറയുന്നത് സ്വപ്നം കണ്ടാല്‍ എങ്ങനെ ഉറക്കം വരും....


അവസാന പ്രൊജക്റ്റ്‌ ദിവസം സ്ഥാപനത്തില്‍ ഇരുന്നു, സ്ഥാപനത്തിന്റെ മാനേജര്‍ക്ക് അവന്‍റെ തന്ത എന്ന ഇ-മെയില് ഐഡി ഉണ്ടാക്കി പച്ച തെറി പാരഗ്രാഫ് ആയി തിരിച്ച് മെയില് ചെയ്തു പുറത്തിറങ്ങി... രണ്ടു പ്രോഗ്രാമിങ്ങ്‌ പുസ്തകങ്ങളും അടിച്ച് മാറ്റി... പരമാവധി മുതലാക്കണമല്ലോ... മാനേജര്‍ക്കുള്ള മെയില്‍ ആദ്യം വായിക്കുക റിസെപ്ഷനില്‍ ഇരിക്കുന്ന ലീന എന്ന സുന്ദരിപ്പെണ്ണ് ആണല്ലോ എന്ന സന്തോഷം ആയിരുന്നു ഷെനിലിന്‍റെ മുഖത്ത്.... അവള്‍ അതില്‍ പുതുതായി ചേര്‍ത്ത തെറികളുടെ അര്‍ത്ഥം മാനേജരോട് ചോദിക്കുന്നത് അവന്‍ വീണ്ടും വീണ്ടും മനസ്സില്‍ കണ്ടു...


അവസാന ദിവസങ്ങളില്‍ സിനിമ കാണാത്തത് കൊണ്ട് ഉണ്ടായ അനധികൃത സേവിംഗ്സ് ഒരു ഷൂ വാങ്ങിച്ച് തീര്‍ക്കാം എന്ന തീരുമാനത്തോടെ മറൈന്‍ ഡ്രൈവിനും സുഭാഷ് പാര്‍ക്കിനും ഇടയിലുള്ള റോഡ്-സൈഡ് ഷോപ്പില്‍ എത്തി... ഒരു നേപ്പാള്‍ സുന്ദരിയുടെ [ കൊറിയനോ, നേപ്പാളോ, മണിപ്പൂരോ ഏതോ ഒന്ന്... കണ്ണിന്‍റെ സ്ഥാനത്ത് ഒരു വരയെ ഉള്ളൂ.. ഉറങ്ങുവാണോ എന്ന് സംശയം...] കടയില്‍ കേറി... 2 ഇഞ്ച്‌ കനത്തില്‍ സോള്‍ ഉള്ള 4 കൊല്ലം ഇട്ടാലും തേഞ്ഞു പോകാത്ത ഒരെണ്ണം എടുത്ത് വില ചോദിച്ചു... 450 ഉലുവ..


അറിയാവുന്ന ഇംഗ്ലീഷ് എടുത്തിട്ട് അലക്കി... തകര്‍പ്പന്‍ വിലപേശല്‍... 250 വരെ എത്തിച്ചു...
കൂടെ ഉണ്ടായിരുന്ന ദീപക്കിനോട് ഞാന്‍ പറഞ്ഞു... "250 രൂപേടെ കോളൊന്നും ഇതിനില്ല... 200 നു കിട്ടിയാല്‍ എടുത്താ മതി..."

"വേണ്ടെന്കില്‍ വച്ചിട്ട് പോടേ... 200 നു വേണേല്‍ വേറെ വല്ല സ്ഥലത്തും പോ..."

എവിടുന്നാണ് ഇതു കേട്ടതെന്നു അറിയാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍, അത് വരെ ഇംഗ്ലീഷില്‍ അലക്കിയിരുന്ന കൊറിയന്‍ പെണ്ണ് പച്ച മലയാളത്തില്‍ താങ്ങുന്നു...

ഞാനാകെ ചാണകത്തില്‍ ചവിട്ടിയ പോലെ ആയിപ്പോയി...