Friday, July 25, 2008

ഗോള്‍...!

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏതോ ഒരു കൊല്ലത്തില്... ലോകകപ്പ് ഫുട്ബോള്‍ നടന്നു കൊണ്ടിരുന്ന കാലം... ടി.വികള്‍ വളരെ അപൂര്‍വ്വം ആയിരുന്നെങ്കിലും ഫുട്ബോള്‍ നാട്ടിലെല്ലാം സജീവേഷ് ആയിരുന്നു... ഈ ഖുദാമിന്റെ ഏത് ഭാഗത്താണ് ഈ രാജ്യങ്ങള് എന്ന് പോലും അറിയില്ലെലും പലരും ബ്രസീലുകാരും അര്ജന്റീനക്കാരും നൈജീരിയക്കാരും എല്ലാമായി...


കൂളിംഗ് ഗ്ലാസും ഹവായ് ചെരിപ്പും, കക്ഷത്തില് കത്തുകളുടെ കെട്ടും ആയി നടക്കുന്ന പോസ്റ്റുമാന്‍ ഗോപാലേട്ടന്‍ ആയിരുന്നു ആ പ്രദേശത്തെ ആദ്യ ടി.വിക്കാരന്‍... അതില് നാട്ടുകാരുടെ ആരുടേലും മണി ഓര്‍ഡര്‍ കലര്ന്നിട്ടുണ്ടോ എന്നൊന്നും ചോദിക്കരുത്...


ഗോപാലേട്ടന്റെ വീട്ടിലെ ടീ.വി വച്ച മുറി ഞായറാഴ്ച വൈകുന്നേരമായാല്‍ അയല്‍ വീടുകളിലെ സ്ത്രീകളും കുട്ടികളുമായി നിറയും. സിനിമയും കണ്ടു പ്രതികരണം പരിപാടിയുടെ വിലാസവും പറഞ്ഞു കഴിയാതെ വല്ല്യമ്മച്ചിമാര് പോലും അനങ്ങില്ല. ഒരു തീയേറ്റര്‍ എഫെക്ടാ... ഇതൊന്നും തീരെ ഇഷ്ടമല്ലെങ്കിലും തന്റെ ടീ.വിക്കു കിട്ടുന്ന പബ്ലിസിറ്റി കളയണ്ട എന്ന് കരുതി മൂപ്പര് സ്വന്തം വായ മ്യൂട്ട് അടിച്ച് ഇരിക്കും... പോരാത്തതിന് ഏതേലും തള്ളമാര് പ്രാകി ടീ.വീടെ പിക്ചര്‍ ട്യൂബ് ഗുഡ് ബൈ പറഞ്ഞാല്‍ എല്ലാം തീര്‍ന്നു...


അങ്ങനെ ഇരിക്കുമ്പോളാണ് ലോകകപ്പ് വരുന്നത്... ഫുട്ബാളില് ഒരു ടീമില് എത്ര ആളുണ്ടാകും എന്ന് ചോദിച്ചാല് "അങ്ങനെ പ്രത്യേകിച്ച് എണ്ണമൊന്നും ഇല്ല... രണ്ടു ടീമിലും കൂടി സുമാറ് ഒരു ഇരുപത്തഞ്ചു പേരു കാണും..." എന്ന് ആധികാരികമായി പറയുന്നവനാണെങ്കിലും ഗോപാലെട്ടനും ഒരു ഫുട്ബാള്‍ ഫാനായി....


പാതിരാത്രികളില് ഗോപാലേട്ടന്റെ വീട്ടില് കൂട്ടുകാരെല്ലാം കളികാണുവാന് ഒത്തുകൂടല് പതിവായി... കളിക്കാരെയും റെഫറിയെയും ഉപദേശിച്ചും തെറി പറഞ്ഞും ഡ്രിബ്ളിംഗ്, ടാക്ലിംഗ് എന്നീ കടു കട്ടി വാക്കുകള് പറഞ്ഞും ഗോപാലേട്ടന് തകര്‍ത്തു കയറി.... എങ്കിലും ഗോപാലെട്ടന് ആകെ എതിര്‍പ്പുണ്ടായിരുന്നത് ഗോള്‍ അടിക്കുമ്പോലുള്ള കൂക്കി വിളികളാണ്...


ആയിടക്കാണ് ഒരു ദിവസം കളികാണാന്‍ കൊപ്ര പണിക്കാരന്‍ അണ്ടി ബാബുവും മനോജേട്ടനും [അന്ധകന്‍ എന്ന് വിളിക്കും... ഞങ്ങള്‍ ആരും അല്ല, മൂപ്പരുടെ അമ്മ കാര്‍ത്ത്യായനി ഏടത്തി തന്നെ ഇട്ട പേരാണ് ..] കൂടി ഗോപാല്‍ജിയുടെ വീട്ടില്‍ പോയത്... മനോജേട്ടനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ വേറെ ഒരു ബ്ലോഗു തന്നെ തുടങ്ങേണ്ടി വരും... നാലാം ക്ലാസ്സില്‍ വര്‍ഷാവസാനം എങ്ങനെയെങ്കിലും ജയിക്കാന്‍ വേണ്ടി അറബി പരീക്ഷ കൂടി എഴുതാന്‍ പോയത് മുതല്‍ കിണറുപണിക്കിടയില്‍ സോമര്‍സാല്‍ട്ടടിച്ച് കിണറിനകത്ത് പിക്കാസിനും കൈക്കോട്ടിനും ഒക്കെ ഇടയില്‍ ഏതാണ്ട് 'S' പോലെ വീണത്‌ വരെ, കുറെ ഏറെ കഥകള്‍..


നാട്ടില്‍ ചില ചെറിയ ഫുട്ബോള്‍ കളികള്‍ കണ്ടതോഴിച്ചാല്‍ ഫുട്ബാളിനെ പറ്റി വല്യ വിജ്ഞാനം ഒന്നും ഇല്ലാത്ത ഇവര്‍, കളിക്കാരുടെ ദേശിയ ഗാനം പാടാന്‍ തുടങ്ങുന്നത് മുതല്‍... "ഇതിറ്റിങ്ങള് എന്താപ്പോ പാടണത്..."... "ഒന്റ്യൊക്കെ ഷൂന്‍റെ അടീല് മുള്ളാണ്... ബാക്കിള്ളോരെ ചവിട്ടാനാ.. " എന്നിങ്ങനെ ഗോപാലേട്ടനെ ചോദ്യങ്ങള്‍ ചോദിച്ചും തങ്ങളുടെ അസ്സംപ്ഷന്‍സ് പുറപ്പെടുവിച്ചും വെറുപ്പിക്കാന്‍ തുടങ്ങി...


അങ്ങനെ ഇരിക്കുമ്പോള്‍ ഏതോ ഒരു കളിക്കാരന്‍ വളരെ മനോഹരമായി ഒരു ഗോള്‍ അടിച്ചു... ഉടനെ, ഗോള്‍ അടിച്ചത് തന്റെ അമ്മായീടെ മകനാണെന്ന പോലെ അണ്ടി ബാബു നിലവിളിച്ചു കൊണ്ട് ഉയര്ന്നു ചാടി... ഗാലെറിയില്‍ ഇരിക്കുന്നവര്‍ ഒരുമിച്ചു കൂവിയപോലെ... അണ്ടി ബാബുവിന് പ്രത്യേകിച്ച് ടീം ഒന്നുമില്ലെന്കിലും ഗോള്‍ അടിച്ചത് ഗോപാലേട്ടന്റെ എതിര്‍ ടീം ആയിരുന്നു... ഗോപാലേട്ടന്‍ അണ്ടിയെ ഒരു മാതിരി ലുക്ക് കൊടുത്തിട്ട്, അത് ഫൌള്‍ ആണെന്ന് ആരോടുമാല്ലാതെ പറഞ്ഞുകൊണ്ട് റീപ്ലെയ്ക്ക് വേണ്ടി കാത്തു നിന്നു...


റീപ്ലേ കാണിച്ചു കഴിഞ്ഞതും അണ്ടി ബാബു വീണ്ടും നിലവിളിച്ചു കൊണ്ട് ഉയര്ന്നു ചാടി...

"അതാ അടിച്ചിക്കിന്ന ഓന്‍, അത് പോല തന്നെ ഒന്നൂടീം...".

ഗോപാലേട്ടന്‍ ചാടി എഴുന്നേറ്റു... പൂമുഖതിരുന്ന ബാബുവിനും മനോജേട്ടനും മുന്നില്‍ വാതില്‍ അടഞ്ഞു... സംഗതി ഒന്നും പിടികിട്ടിയില്ലെങ്കിലും, വാതില്‍ അടയുന്നതിനു മുന്‍പായി അവര്‍ ഇപ്രകാരം കേട്ടു... "കളി അറിയാത്ത നായിന്‍റെ മക്കള്‍ ഒക്കെ കളി കാണാന്‍ വന്നോളും..."..


നാട്ടിലെ ഫൂടബാളില്‍ റീപ്ലേ ഇല്ലാത്തത് അണ്ടി ബാബുന്റെ കുറ്റം ആണോ....
[ചേട്ടന്‍ പറഞ്ഞു കേട്ട കഥകളിലൊന്ന്...]