Saturday, May 24, 2008

ദൈവത്തിന്‍റെ വികൃതികള്‍...

സ്റ്റാറിംഗ്:

ആനന്ദ് കൃഷ്ണന്‍ - നല്ല ഉയരം, ഒത്ത തടി. കളറിന്റെ കാര്യത്തില്‍ ബ്ലാക്ക് ബോര്‍ഡ് പുറകില്‍ നില്ക്കും. രണ്ടാഴ്ച ഇരുന്നു മെനക്കെട്ടു കഴുകിയാലും ഫോട്ടോ നെഗറ്റീവ് പോലിരിക്കും...


ലേഖ - കുവലയ നയനി, മധുവാദിനി, ഉഢുരാജമുഖീ, മൃഗരാജകടി, ഗജരാജവിരാജിത മന്ദഗതി . കണ്ണിനു ലേശം കാഴ്ച കുറവാണെന്നു തോന്നുന്നു. [അല്ലെന്കില്‍ ഈ പണിക്ക് മേനക്കെടില്ലല്ലോ]. മലയാളം കണ്ടാല്‍ ഏതാണീ ഗോത്രഭാഷ എന്ന് ചോദിക്കും.


കഥോളജി:

ഡിഗ്രി കഴിഞ്ഞു അട്ടം നോക്കി ഇരുന്ന ആനന്ദിനെ വിധി കൊണ്ടെതിച്ചത് സജീഷ് എന്ന സുന്ദരനായ ചെറുപ്പക്കാരന്‍ ജനിച്ചു വളര്‍ന്ന ചാത്തമംഗലം എന്ന ഗ്രാമത്തില്‍. അങ്ങനെ ചാത്തമംഗലത്തെ പന്ത്രണ്ടാം മൈല്‍ എന്ന ബസ്സ് സ്റ്റോപ്പിനടുത്തെ C.E.D.T.I യില്‍ M.C.A പഠിക്കാന്‍ എന്ന വ്യാജേന ആനന്ദക്കുട്ടന്‍ ചേര്ന്നു. ഇന്‍ ഫാക്റ്റ്, നമ്മുടെ നായിക ലേഖയും തെരഞ്ഞെടുത്തത് അതേ പാതയായിരുന്നു. വിധിയെ തടുക്കാന്‍ ലേഖയുടെ അച്ഛനും ആവില്ലല്ലോ.



തങ്ങള്‍ തമ്മില്‍ പ്രണയതിലാവുമെന്നു ആനന്ദോ ലേഖയോ സാക്ഷാല്‍ ഈശ്വരനോ വിചാരിച്ചിരുന്നില്ല. ആദ്യമെല്ലാം "ഏതാണീ തമിഴന്‍" എന്ന ചിന്തയോടെ എല്ലാവരും നമ്മുടെ സല്‍സ്വഭാവിയായ ചെക്കനെ അവഗണിചെങ്കിലും അവരെല്ലാം അവന്റെ ഉറ്റ സുഹൃത്തുക്കളായി. പാട്ടു പാടിയും തമാശ പറഞ്ഞും അവന്‍ എല്ലാവരെയും കയ്യിലെടുത്തു. അവരുടെ കയ്യിലുള്ളതും എടുത്തു.



ലേഖയെ കണ്ടപ്പോള്‍ തന്നെ ചെറിയ ഒരു ഇഷ്ടം അവന്റെ മനസ്സില്‍ പൊട്ടി മുളച്ചു. പക്ഷെ അത് ഏത് പെണ്‍കുട്ടീനെ കാണുമ്പോളും ഡിഫോള്‍ട്ടായി തനിക്ക് തോന്നാറുള്ളതായതിനാല്‍ അവനത് കാര്യമായി എടുത്തില്ല. ഒരിക്കല്‍ ഇവരെല്ലാം കമ്പ്യൂട്ടര്‍ ലാബില്‍ ഇരിക്കുന്ന സമയം. എല്ലാവരും ചാറ്റിങ്ങിലാണ്. ഇതേ സമയം നമ്മുടെ ദൈവം അങ്ങേരുടെ കാല്‍കുലേട്ടറില് ലേഖയുടെ കുടുംബക്കാരുടെ പാപത്തിന്റെ കണക്ക് കാല്‍കുലേറ്റ്‌ ചെയ്യുകയായിരുന്നു. എത്ര കണക്കു കൂട്ടീട്ടും ലേശം ക്രെഡിറ്റ് വരുന്നു. "ഇതിങ്ങനെ വച്ചു നീട്ടിയാല്‍ ശരിയാവില്ല. കണക്കെല്ലാം പെട്ടന്ന് സെറ്റില്‍ ചെയ്യണം".... മൂപ്പരുടനെ ക്ലിക്ക് ചെയ്തു....."സെറ്റില്‍ ദ പാപം ഓഫ് ലേഖ കുടുംബം"..."Task executed..."...ഉടനെ ലേഖയുടെ സിസ്റെത്തില്‍ ഒരു ചാറ്റ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടു....

Anand: Hi....



അവന്റെ മുന്നിലെ ഒരു പ്രശ്നമായിരുന്നു ലേഖക്ക് മലയാളത്തില്‍ ചാറ്റാനാവില്ല എന്നത്. ദൈവമവനെ ഹിന്ദി പഠിപ്പിച്ചു... രണ്ടു പേരും ഹിന്ദിയില്‍ തകര്‍ത്തു ചാറ്റി.... ദൈവം ലേഖയുടെ കണ്ണുകള്‍ക്ക് ചെറുതായി മങ്ങലെല്‍പ്പിച്ചു... അതോടെ ലവള്‍ ലവന്റെ പ്രണയത്തില്‍ വീണു... C.E.D.T.I യിലെ ഓരോ പുല്ലും അതിലെ ഓരോ പ്രാണിയും അവരുടെ പ്രണയം കണ്ടു കോരിത്തരിച്ചു... ദൈവം തന്റെ മോനിടര്‍ നോക്കി ചെറുതായി ചിരിച്ചു...."Paapam settled...!"



ഇന്നു രണ്ടു പേരും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയേര്‍സ്... പക്ഷെ ആനന്ദ് കോയമ്പത്തൂരും ലേഖ ചെന്നയിലും... ആനന്ദ് C.T.S ലും ലേഖ T.C.S ലും... എന്ത് ചെയ്യാം... വിധിയെ രണ്ടാമത് തടുക്കാനും ലേഖയുടെ അച്ഛനു ആവില്ലല്ലോ... വീണ്ടും ആരോ പാപം ചെയ്തതിന്റ്റെ പേരില്‍ ഇവരുടെ കല്യാണം കഴിഞ്ഞിരിക്കുന്നു...


ഈ ദൈവത്തിന്‍റെ ഓരോരോ വികൃതികള്‍...!!!

Saturday, January 19, 2008

ഇതുതാണ്ടാ ഡ്രസ്സ്‌ കോഡ്...!

ദീപക്കും പിന്നെ മൊതലാളി എന്ന് അറിയപ്പെടുന്ന ഷെനിലും ചെന്നൈയില്‍ പുതിയ വീട്ടിലേക്ക് താമസം മാറി കഷ്ടിച്ച് ഒരാഴ്ച കഴിഞ്ഞു കാണും.... കമ്പ്യൂട്ടറിന്റെ മോനിടരിനെ തറപ്പിച്ച് നോക്കി Temenos കമ്പനിയുടെ മൂന്നാം നിലയില്‍ ഒരു മൂലക്ക് ഇരുന്ന ദീപക്കിന്റെ ഫോണ്‍ പെട്ടന്ന് ശബ്ദിച്ചു....

Mothalali Calling....

ഈ കാലന്‍ എന്തിനാണ് ഈ സന്ധ്യാ നേരത്ത് വിളിക്കുന്നത്... കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.."എന്താടാ...?" ...


"നീ റൂമിന്റെ താക്കോലും എടുത്ത് ഒന്നു താഴേക്ക് വന്നേ..."



ഇവനെന്താ എന്റെ ഓഫീസില്‍ വന്നത്... അവന്‍ റൂമില്‍ തന്നെ ആയിരുന്നല്ലോ...പിന്നെ താക്കോല്‍ എന്തിനാ... അവന്റെ കയ്യിലും ഒരു എക്സ്ട്രാ താക്കോല്‍ ഉണ്ടല്ലോ... ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളുമായി ദീപക് താഴേക്ക് ഇറങ്ങി ചെന്നു...



എന്തോ കണ്ട് പേടിച്ച പോലെ ദീപക് പെട്ടന്ന് നിന്നു... നോക്കുമ്പോള്‍, പക്കാ പ്രൊഫഷണല്‍ ആയി ആളുകള്‍ വര്‍ക്ക്‌ ചെയ്യുന്ന മേട്രോസിറ്റിയിലെ Temenos ന്‍റെ പത്തു നില കെട്ടിടത്തിന്റെ റിസപ്ഷനില്‍ ഒരു ലുങ്കിയും ടീഷര്‍ട്ടും ഇട്ടു ചിരിച്ച് കൊണ്ടു നില്ക്കുന്നു നമ്മുടെ ഷെനില്‍... സേക്യൂരിട്ടിക്കാരെല്ലാം അദ്ഭുത്തോടെ അവനെ നോക്കി നില്‍ക്കുന്നു...





ബാക്ക് ഗ്രൌണ്ട് ഇന്‍ഫര്‍മേഷന്‍....:

നൈറ്റ് ഷിഫ്റ്റില്‍ കസേരകള്‍ അടുപ്പിചിട്ട് നല്ലവണ്ണം ഉറങ്ങുന്നതു കൊണ്ട് പകല്‍ ഉറങ്ങേണ്ട ആവശ്യം ഇല്ലാതെ ടീ.വിയും കണ്ടിരുന്ന ഷെനിലിനു പെട്ടന്നൊരു ആഗ്രഹം... ഒരു ഒമ്ലെറ്റ് കഴിക്കണം... കുറ്റം പറയാനൊക്കില്ല...ആര്ക്കും തോന്നിയേക്കാവുന്ന ഒരു ആഗ്രഹം... അതിനായി പത്തു രൂപയും എടുത്ത് പുറത്ത് കടന്നു വാതിലടച്ചു...

"ഛെ...താക്കോല്‍ എടുക്കാന്‍ മറന്നു..."

താക്കോല്‍ എടുക്കാന്‍ വാതില്‍ തുറന്നു... ഒരു തോന്നല്‍ മാത്രം... വാതില്‍ തുറന്നില്ല...
ചുമ്മാ അടച്ചാലെ ലോക്കാവുന്ന ഡോറായിരുന്നു അത് എന്ന് മനസ്സിലാക്കുന്നത് വരെ അവന്‍ ഹാണ്ടിലുമായി ഗുസ്തി പിടിച്ചു... ചിന്തിച്ചിട്ട് കാര്യമൊന്നുമില്ലാത്തതിനാല് അവന്‍ ഒരു ഓട്ടോ പിടിച്ച് Temenos ലേക്ക് പോന്നു...

Temenos ലേക്ക് ആ വേഷത്തില്‍ കേറി ചെല്ലാന്‍ ഒരു ഉളുപ്പും ഇല്ലാത്തവന്‍ എന്തിന് ബസ്സില്‍ പോകാതെ ഓട്ടോക്ക്‌ 120 രൂപ ചെലവാക്കി എന്ന് മാത്രം ഒരു പിടിയും കിട്ടുന്നില്ല..!

Saturday, December 1, 2007

ചിമ്മിണിത്തപ്പും... ചിത്രം വരയും...!

അന്ന് ചാത്തമംഗലം എ.യു.പി സ്കൂളില്‍ ഏഴാം ക്ലാസ്സിലാ ഞാന്‍... ഏഴാം ക്ലാസ്സ് A യില്‍... ഞങ്ങള്‍ സ്നേഹത്തോടെ "ചിമ്മിണി തപ്പ്" എന്ന് വിളിക്കുന്ന രുക്മിണി ടീച്ചറുടെ ക്ലാസ്സില്‍...

തരുണീമണികളുടെ കാര്യത്തില്‍ ക്ലാസ്സ് പൊതുവെ ഫലപൂയിഷ്ഠമായിരുന്നു...
അതിലെ തോട്ട് പുറത്ത് ബാലേട്ടന്‍ നട്ട പുന്നെല്ലിന്‍ കതിരായിരുന്നു തുഷാര... പറഞ്ഞു വരുമ്പോള്‍ എന്റെ ഒരു കുടുംബക്കാരിയും...[ആ പരിഗണന ഒന്നും ഇങ്ങോട്ട് ഉണ്ടായിരുന്നില്ല...] അവളെ കാണാന്‍ അയല്‍ ഡിവിഷനുകളില്‍ നിന്നു പോലും കുട്ടികള്‍ വന്നിരുന്നു...


ആ സമയത്താണ് തടിയന്‍ രഞ്ജിത്തിന് ലവളോട് ഒരു ഇത്... തോന്നുന്നത്...സ്വാഭാവികം... അവനത് സിനിമ സ്റ്റൈലില്‍ തന്നെ അവളെ അറിയിക്കാന്‍ തീരുമാനിച്ചു.. അഥവാ മറ്റുള്ളവര്‍ അവനെ കൊണ്ട് അത് അങ്ങനെ ആക്കിച്ചു... ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല... അറിഞ്ഞാല്‍ നമ്മള് സമ്മതിക്കുമോ...


സംഗതി അവന്മാര്‍ രണ്ടു ദിവസം ഇരുന്നു പ്ലാന്‍ ചെയ്തു... അരുണ്‍,ധനീഷ്,അനൂപ്,ഷിന്ടു എന്നിവരായിരുന്നു സംഘാംഗങ്ങള്‍... വെള്ളിയാഴ്ച്ച ഉച്ചക്ക് ഊണിനു സമയം കുറച്ച് കൂടുതല്‍ കിട്ടും... ആ സമയത്ത് പ്ലാന്‍ പ്രകാരം ഇവരെല്ലാം ഒത്തുകൂടി... ലൌവിന്‍റ അടയാളം ആയ ഹൃദയം വരച്ച പേപ്പര്‍, ഷിന്ടു വീട്ടില്‍ നിന്നും കൊണ്ടു വന്ന പുതിയ ലക്കം ബാലരമയില്‍ വച്ച് അവള്‍ക്കു കൊടുക്കാനായിരുന്നു ഗൂഢതന്ത്റം...


പ്ലാനിന്റെ മെയിന്‍ സുന ആയ അടയാളം വരക്കുവാന്‍ ധനീഷ് എന്റെ അടുത്ത് വന്നു...
അനൂജിനെ " സ്റ്റാച്യൂ" വിളിച്ച് അനക്കാതെ നിര്‍ത്തി അവന്റെ ഷര്‍ട്ട് അഴിപ്പിച്ച് എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍...

"ഡാ സജൂ, ഒരു ചിത്രം വരക്കണം... "

ആ കാലത്ത് ഒരു വര വരച്ച് അത് ആരേലും നന്നായി എന്ന് പറഞ്ഞാല്‍ ലോക പടംവരയില്‍ കപ്പ് അടിച്ച പോലെ ആയിരുന്നു എനിക്ക്... കിട്ടിയ ഒപ്പോര്‍ച്ചുനിറ്റി പാഴാക്കാതെ ഒരു അരമണിക്കൂര്‍ കൊണ്ട് ഞാന്‍ ആ സംഭവത്തെ ഒരു ചെറിയ പേപ്പറില്‍ പകര്‍ത്തി... ഇത് വരക്കാനാണോ അരമണിക്കൂര്‍ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം... സൃഷ്ടിയുടെ വേദന നിങ്ങള്‍ക്കെങ്ങനെ മനസ്സിലാവാനാ...


വര കഴിഞ്ഞപ്പോള്‍ അവനത് മടക്കി ഒരു ബാലരമയില്‍ വച്ച് ഷിന്റുവിനു കൊടുത്തു... ഷിന്ടു അത് തുഷാരക്ക് കൊടുത്ത് രഞ്ജിത്ത് തന്നതാണെന്നും പറഞ്ഞു ഒരു ഓട്ടം...

പിന്നാലെ ഓടിയ ധനീഷ് വിളിച്ച് പറഞ്ഞു.."തൊര്‍ന്ന് നോക്ക്.."

ബാലരമ തുറന്ന തുഷാര, പേപ്പര്‍ എടുത്ത് നോക്കിയതും... വൃത്തികെട്ട എന്തോ സാധനം പോലെ അത് ദേഹത്തുനിന്നും മാറ്റി പിടിച്ച് കൊണ്ട് ടീച്ചറുടെ അടുത്തേക്ക് ഓടിയതും ഒരുമിച്ച് ആയിരുന്നു...

ഇതു കണ്ട സംഘം ചൂടുവെള്ളം ഒറ്റയടിക്ക് കുടിച്ച പോലെ ചിമ്മിണി തപ്പിന്റെയും ഹെട്മിസ്ട്രെസ് പദ്മജ ടീച്ചെരുടെയും (സ്നേഹത്തോടെ ഇഡ്ഡലി..) മുഖങ്ങളും സ്കൂളില്‍ നിന്നു പുറത്താക്കുന്ന സീനും ഒരു മിന്നായം പോലെ കണ്ടു...


തുഷാര തിരിച്ചു വരുമ്പോള്‍ ചിമ്മിണി തപ്പ് കൂടെ ഉണ്ടായിരുന്നു... തുടര്‍ന്നു സംഘത്തെ വിളിപ്പിച്ചു... തടിയന്‍ രണ്ജിതിനെ കാണാനേ ഇല്ലായിരുന്നു...
ടീച്ചര്‍ ചോദിച്ചു..."എന്താണ് ഈ വരച്ചത്...?"
അരുണ്‍ വിക്കി വിക്കി പറഞ്ഞു..."അത്... ലവ്വ്‌..."...
"ലവ്വോ..ഇതൊക്കെ എവിടുന്നാ പഠിക്കുന്നെ...?"...
ഉത്തരമില്ല...


"എന്നാല്‍ ഇത് വരച്ചവനെ ആണ് ഇനിക്ക്‌ വേണ്ടത്... ഇങ്ങനെ ഒക്കെ വരക്കാന്‍ അവന്‍ എവിടുന്നാ പഠിച്ചത്... ആരാ ഇത് വരച്ചത്...?"

...തകര്‍ന്നു...! ക്യാമറ എന്‍റെ നേരെ തിരിഞ്ഞു...

ദുഷ്ടേഷ്... കശ്മലേഷ്... അവന്മാരെങ്ങനും എന്റെ പേരു പറഞ്ഞാല്‍... ടീച്ചര്‍ അറിയും... ടീച്ചര്‍ അറിഞ്ഞാല്‍ ടീച്ചറുടെ ഭര്‍ത്താവ് പഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ നായര്‍ അറിയും... അയാള്‍ അറിഞ്ഞാല്‍ മൂപ്പരുടെ കമ്പനിക്കാരന്‍ സാക്ഷാല്‍ മേരാ ഫാദെര്‍ജി അറിയും... ഫാദെര്‍ജി അറിഞ്ഞാല്‍ എന്റെ മുഖം അങ്ങേരു "ലവ്" പരുവത്തിലാക്കും...


എന്റെ ചിന്തകള്‍ക്ക് അറ്റം കിട്ടിയില്ല... രണ്ടു സെക്കന്റ് കൊണ്ട് ഞാന്‍, വീട്ടില്‍ നിന്നു പുറത്താക്കിയാല്‍ വായനശാലയിലോ അതോ റേഷന്‍ഷാപ്പിലോ കിടക്കുക എന്ന് വരെ ചിന്തിച്ചു... എന്റെ ശരീരത്തില്‍ വിയര്‍ക്കാത്തതായി ഒരു സ്ഥലം പോലും ഇല്ലായിരുന്നു... ഒരമ്പലത്തില്‍ പോയിട്ടും ഇത്ര നന്നായി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല...


സത്യം പറഞ്ഞാല്‍ അപ്പോള്‍ പ്യൂണ്‍ സോമേട്ടനെ "നീ അവനെ പോയി രക്ഷിക്കെടാ..." എന്നും പറഞ്ഞു വിട്ടത് ദൈവമാണെന്ന് ഞാന്‍ ഇപ്പഴും വിശ്വസിക്കുന്നു... സോമേട്ടന്‍ വന്നു ചിമ്മിണി തപ്പിനോട് എന്തോ പറഞ്ഞു... "മേലാല്‍ ഇങ്ങനെ ഒന്നും ചെയ്യരുത്..." എന്ന് മാത്രം പറഞ്ഞു ടീച്ചര്‍ സോമേട്ടന്റെ കൂടെ പോയി...


പിന്നീടും പലരെയും ലവ് പുഷ്ടിപ്പെടുത്താന്‍ സഹായിചിട്ടുണ്ടെങ്കിലും വരച്ചുകൊണ്ടുള്ള സഹായം അന്നത്തോടെ നിര്‍ത്തി...

Friday, November 23, 2007

ന്‍റെ നാട്‌...!

ഞങ്ങളെല്ലാം "ഡേയ്, ഞാനൊന്ന്‌ ചാത്താല്‍ത്ത് പോയ് വരാം..." എന്ന് പറയുന്നതിലൂടെ റെഫര്‍ ചെയ്യുന്ന എന്റെ നാട്‌ "ചാത്തമംഗലം"...



കാടല്ല... നാട്‌ തന്നെയാ...!




പഴേ തറവാട്... പഴെതാണേലും മുറ്റത്ത് ലോണ്‍ ഒക്കെ ഉണ്ട്...






പോലീസുക്കാര് വണ്ടി പിടിച്ചോണ്ട് വന്നു കൊണ്ടിടുന്ന സ്ഥലം...[സ്പെയര്‍ പാര്‍ട്സ് കട തുടങ്ങാന്‍ ഐഡിയോളജി ഉണ്ടേല്‍ അവിടെ കാവലിരിക്കുന്നവനെ കമ്പനിയാക്കിയാല്‍ മതി..]ഡിസ്കവറി ചാനെലുകാര് "ജന്‍ക്യാര്‍ഡ് വാര്സ്" നടത്തുന്നത് ഇബ്ട്യാ... വേണേല്‍ വിസ്വസിച്ചാ മതി...

ചെത്തുകടവ് പാലം... നാലാം ക്ലാസ്സില്‍ വച്ച് അരുണ്‍ ജിത്ത് ആന പാലത്തില്‍ തൂങ്ങി ചത്തു എന്ന് പറഞ്ഞു ഫ്ലാഷ് ആക്കിയ അതേ പാലം...

ചാത്തമംഗലത്തെ കുളിരണിയിക്കുന്ന ചെറുപുഴ...

ചേലൂര്‍ അമ്പലം...[പ്രതിഷ്ഠ: സുബ്രണ്യേട്ടന്‍]

വയല്‍... ഈ വയലും അച്ഛനും കൂടി ന്‍റെ കുറെ മൂടിപുതച്ചു ഉറങ്ങണ്ട പുലര്ച്ചകളെ ചെളിയില്‍ താഴ്ത്ത്തിയിട്ടുണ്ട്...

അപ്രത്തെ വീട്ടിലെ കുട്ടി... ഇവന്‍ ഇതാ ഇപ്പൊ ഇവിടെ കെടന്നു "മാമാ, ഞാന്‍ ടീ.വീല്" എന്ന് പറഞ്ഞു തുള്ളുന്നു... [മാമന്‍= അമ്മാവന്‍... വേറെ ഒന്നും അല്ല... അയ്യേ.. ഞാന്‍ അത്തരകാരന്‍ അല്ല..]
അമ്മീജാന്‍ ചായ കുടിക്കാന്‍ വിളിക്കുന്നു...ഞാന്‍ പോട്ടെ...

Thursday, November 22, 2007

എന്തുകൊണ്ട് എനിക്ക് ഒരു ലൈന്‍ ഇല്ല...?

എന്തുകൊണ്ട് എനിക്ക് ഒരു ലൈന്‍ ഇല്ല... ഞാന്‍ പലതവണ ആലോചിച്ചിട്ട് ഒരു ഉത്തരം കിട്ടാത്ത സംഗതി ആണ് ഇത്... കാണാന്‍ കൊളളാവുന്നവര്‍ക്ക് മാത്രമേ പെണ്ണ് കിട്ടൂ എങ്കില്‍ എങ്ങനെ ഷെനിലിനു കിട്ടി, എങ്ങനെ വിവേകിന് കിട്ടി, എന്തിനേറെ മുനീസിനു പോലും...


പത്തിരുപത് കൊല്ലം സ്ക്കൂളിലും കോളേജിലും ആയി നിരങ്ങിയത് എല്ലാം വെറുതെ... കൂടെ നടക്കുന്ന എല്ലാറ്റിനും ഉണ്ടായിരുന്നു... ഇനിക്ക്‌ മാത്രം... ഷെനിലിനു എത്ര ഉണ്ടായിരുന്നു എന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നു... കൃഷ്ണന്‍, വരുന്ന ഓരോ എണ്ണത്തേയും ഒഴിവാക്കാന്‍ വളരെ കഷ്ടപ്പെട്ടു... അന്‍സാര്‍ കെട്ടുക വരെ ചെയ്തു...[ഇപ്പൊ കുട്ടിയുമായി...]ഷെനില്‍ കുറെ എണ്ണം ഒരുമിച്ച് മാനേജ് ചെയ്തെങ്കില്‍ മുനീസ് ഓരോന്നിനു അപ്പുറം ഓരോന്നായി കണ്സിസ്റ്റെന്‍സി കാണിച്ചു പോന്നു...


ഇതെല്ലം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഒരു ജോലി എങ്ങനേലും ഒപ്പിച്ചാല്‍ ആരേലും നോക്കും എന്ന്... എവടെ... സ്ഥിതി അത് തന്നെ... പോരാത്തതിന് ജോലി സ്ഥലത്ത് വേറെ കുറെ എണ്ണം... ഇനിക്കല്ല അതും മറ്റു പലര്‍ക്കും... ആനന്ദ്, അനൂപ് അങ്ങനെ പലത്... ഈ ആനന്ദിനെ ഒക്കെ ഒന്നു കാണണം... കണ്ടാല്‍ കീശയില്‍ നിന്നും 50 പൈസ അറിയാതെ എടുത്ത് പോകും... അനൂപ് നടക്കുന്നത് കണ്ടാലോ ശരിക്കും ഒരു ഈര്‍ക്കില്‍ ചൂല് പോണ മാതിരി...


ഇതൊക്കെ കേള്‍ക്കുമ്പോ നിങ്ങള് ചോദിക്കും നിനക്ക് ആരെയെങ്കിലും അങ്ങോട്ട് കേറി നോക്കരുതോ എന്ന്... അങ്ങനെ ചോദിച്ച് കൂടുതല്‍ വിഷമിപ്പിക്കരുത്... മൂന്നാം ക്ലാസ്സില്‍ അനുശ്രീ, നാലാം ക്ലാസ്സില്‍ ബബി.P.P, ധിനി... അഞ്ചില്‍ ഭാര്‍ഗവി ടീച്ചര്‍ [സത്യായിട്ടും ടീച്ചറെ കാണാന്‍ നല്ല രസായിരുന്നു... അതോണ്ടാ], ഏഴില്‍ തുഷാര.T.P, വിജിഷ.V.M... എട്ടില്‍ ഐശ്വര്യ, പത്തില്‍ സിനൂജ... പ്ലസ് വണ്‍, ടു നയന, രിനിഷ,അങ്ങനെ കുറെ എണ്ണം... എന്ചിനീയരിങ്ങിലെത് ഇവിടെ പറയുന്നില്ല... അവരില്‍ പലരും ഇത് വായിക്കാന്‍ ചാന്‍സുണ്ട് [ഇനിക്ക്‌ അടുത്ത ആഴ്ചയും നാട്ടില്‍ പോകാനുള്ളതാ...] ഇതെല്ലം ആണ് എന്റെ അങ്ങോട്ടുള്ള എന്തുസിയാസത്തിന്റെ ചരിത്രം...


കൂടെയുള്ള പലരും കെട്ടി തുടങ്ങിയിരിക്കുന്നു... ഞാനിനിയും...
എന്തൊരു തോന്ന്യാസം... ശ്രീകാന്തും കെട്ടാന്‍ പോകുന്നു എന്ന്... ഈശ്വരാ....



നമ്മക്കുള്ള ആള്‍ ഏതേലും ബസ്സ് സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്‍ക്കുന്നുണ്ടാകും...
അങ്ങനെ ആരെങ്കിലും ഉണ്ടേല്‍ ഒന്നു വേഗം വരൂ...

ഇനി ഇല്ലെന്നാണോ?

Wednesday, November 21, 2007

തൊടങ്ങി ട്ടാ...

അങ്ങനെ ബ്ലോഗ്ഗെരുടെ കയ്യില്‍ നിന്നും ഈ പറമ്പ്‌ അഥവാ ഈ കണ്ടം ഞാന്‍ മേടിച്ചിരിക്കുന്നു എന്ന്

അറിയിച്ചു കൊള്ളുന്നു...

വെറുതെ കമന്ടാമല്ലോ എന്ന് കരുതി മേടിച്ച് ഇട്ടതായിരുന്നു...

പിന്നെ തോന്നി, എന്തിനാ പറമ്പ്‌ ഇങ്ങനെ വെറുതെ ഇട്ടിരിക്കുന്നത്... കുറച്ച് കൃഷി ഇറക്കിയാലെന്താ എന്ന്...

ന്റെ കയ്യില്‍ കൃഷി ഉണ്ടാകുമ്പോള്‍ എല്ലാം ഞാന്‍ അത് ഇവിടെ ഇറക്കുന്നതായിരിക്കും...

ആരെയും അറിയിക്കുന്നില്ല... എല്ലാവര്ക്കും സ്വാഗതം...!